International
ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്കായി ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പാക്കിസ്ഥാനിലെത്തി.
വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഘം ഇസ്ലാമാബാദിലെത്തിയതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘവും ഉടൻ പാക്കിസ്ഥാനിലെത്തും.
"ഇസ്ലാമാബാദ് ചർച്ചകൾ' എന്നാണ് ചർച്ചയ്ക്ക് പേരിട്ടിരിക്കുന്നത്. ഇറാന്റെ രാഷ്ട്രീയ, സൈനിക, സാമ്പത്തിക മേഖലകളിലെ സുപ്രധാന നേതാക്കൾ ഉൾപ്പെടുന്ന സംഘമാണ് ചർച്ചകൾക്കായി എത്തിയിരിക്കുന്നത്.
പാർലമെന്റ് സ്പീക്കർ നയിക്കുന്ന സംഘത്തിൽ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ഡിഫൻസ് കൗൺസിൽ സെക്രട്ടറി അലി അക്ബർ അഹ്മദിയാൻ, സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുന്നാസർ ഹെമ്മതി എന്നിവർക്ക് പുറമെ മറ്റ് പ്രമുഖരുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കൻ പ്രതിനിധി സംഘത്തിൽ ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, മുതിർന്ന ഉപദേശകനും ട്രംപിന്റെ മരുമകനുമായ ജാരെഡ് കുഷ്നർ എന്നിവരാണുള്ളത്.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കുന്നതിനുള്ള സമാധാന ചർച്ചകൾ ശനിയാഴ്ച പാകിസ്ഥാനിൽ ആരംഭിക്കും. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നർ എന്നിവരുടെ നേതൃത്വത്തിലുള്ള യുഎസ് സംഘം ചർച്ചകളിൽ പങ്കെടുക്കും.
ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇറാനെ പ്രതിനിധീകരിക്കുകയെന്നാണ് സൂചന. ലബനനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ അടുത്ത ആഴ്ച വാഷിംഗ്ടണിലും നടക്കും. എന്നാൽ ഇറാനിൽ ഇസ്രായേലിന് ഇനിയും ‘പൂർത്തിയാകാത്ത ദൗത്യങ്ങൾ' ഉണ്ടെന്ന നിലപാട് മേഖലയിൽ വീണ്ടും യുദ്ധത്തിന്റെ കരിനിഴൽ വീഴ്ത്തുന്നുണ്ട്.
International
കീവ്: അബുദാബിയിൽ ത്രികക്ഷി സമാധാനചർച്ച ആരംഭിച്ച് മണിക്കൂറുകൾക്കകം റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ യുക്രെയ്നിലെ 12 ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി. വൈദ്യുതി ശൃംഖലയ്ക്കു പുറമേ താപവിതരണ സംവിധാനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരാൾ കൊല്ലപ്പെടുകയും 23 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
21 മിസൈലുകളും 375 ഡ്രോണുകളുമാണു റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു. തലസ്ഥാനമായ കീവിൽ എട്ടും ചെർണിഹീവ് പ്രദേശത്ത് നാലും ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.
കീവിലെ കേന്ദ്രീകൃത താപവിതരണ സംവിധാനത്തിൽ വലിയ കേടുപാടുണ്ടായി. മൈനസ് പത്ത് ഡിഗ്രി സെൽഷസ് തണുപ്പ് നേരിടുന്ന കീവ് നിവാസികൾ പ്രതിസന്ധി നേരിടുന്നതായി നഗരസഭാ വൃത്തങ്ങൾ പറഞ്ഞു.
ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് റഷ്യ-അമേരിക്ക-യുക്രെയ്ൻ ആദ്യ ത്രികക്ഷി ചർച്ച അബുദാബിയിൽ ഇന്നലെയും തുടർന്നു. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച ചർച്ചയിൽ ചെറിയ പുരോഗതി ഉണ്ടെങ്കിലും ഭൂമിതർക്കം അടക്കമുള്ള സുപ്രധാന വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ റഷ്യയും യുക്രെയ്നും തയാറല്ല.
റഷ്യൻ സേന പിടിച്ചെടുത്ത ഇരുപതു ശതമാനത്തോളം ഭൂമിയിലുള്ള അവകാശം ഉപേക്ഷിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ യുക്രെയ്ൻ തയാറല്ല. ഭൂമിതർക്കം പരിഹരിക്കാതെ ശാശ്വത സമാധാനം ഉണ്ടാകില്ലെന്നു റഷ്യ ചർച്ചയ്ക്കു മുന്പേ വ്യക്തമാക്കിയിരുന്നു.
റഷ്യൻ മിലിട്ടറി ഇന്റലിജൻസ് സംഘടനയായ ജിആർയുവിന്റെ ഡയറക്ടർ അഡ്മിറൽ ഇഗോർ കോസ്റ്റ്യൂക്കോവ് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, യുക്രെയ്നിലെ ഇന്റലിജൻസ് മേധാവി കിറിലോ ബുഡാനോവ്, ദേശീയ സുരക്ഷാ സമിതി മേധാവി റസ്തം ഉമറോവ് എന്നിവരാണു ത്രികക്ഷി ചർച്ചയ്ക്കു നേതൃത്വം നല്കുന്നത്.
International
മയാമി: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രെയ്നും അമേരിക്കയും നടത്തുന്ന ചർച്ചകളിൽ പുരോഗതി. യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ നടന്നതായി ഇരുവിഭാഗവും അറിയിച്ചു.
അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറുമാണ് യുക്രെയ്നിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റസ്തം ഉമറോവിന്റെ നേതൃത്വത്തിലുള്ള സംഘവുമായി അമേരിക്കയിലെ മയാമിയിൽ ചർച്ച നടത്തിയത്.
യുക്രെയ്ന്റെ സ്വാതന്ത്ര്യവും പരമാധികാരവും സുരക്ഷയും ഉറപ്പുവരുത്തണമെന്ന് റസ്തം ഉമറോവ് അമേരിക്കൻ പ്രതിനിധികളോട് ആവശ്യപ്പെട്ടു. റഷ്യയുടെ ഭാഗത്തുനിന്ന് വീണ്ടും അധിനിവേശമുണ്ടാകാതിരിക്കാനുള്ള നടപടികളും വേണം. യുദ്ധാനന്തര യുക്രെയ്ന്റെ പുനരുദ്ധാരണം, യുക്രെയ്ൻ-അമേരിക്ക സാന്പത്തിക സഹകരണം എന്നീ വിഷയങ്ങളും ചർച്ചയായി.
വിറ്റ്കോഫും കുഷ്നറും ചൊവ്വാഴ്ച മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് പുടിനുമായി അഞ്ച് മണിക്കൂർ ചർച്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടു വച്ചിരിക്കുന്ന പദ്ധതിയിലെ ചില നിർദേശങ്ങൾ റഷ്യക്ക് അംഗീകരിക്കാനാവില്ലെന്ന് പുടിൻ ഇരുവരെയും അറിയിച്ചു.
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിനു സമീപം റെയിൽവേ ജംഗ്ഷനെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ വലിയ നാശമുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞദിവസം രാത്രി ഫാസ്റ്റീവ് പട്ടണത്തിലായിരുന്നു ആക്രമണം. ഇവിടുത്തെ റെയിൽവേ ഡിപ്പോയും ട്രെയിൻ ബോഗികളും നശിച്ചു. മിസൈലുകളും ഡ്രോണുകളും റഷ്യ പ്രയോഗിച്ചതായി യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു.